Wednesday, October 18, 2017

വീനസിൻ ദേവാലയം

ടെംപിൾ ഓഫ് വീനസ് 


വീനസിൻ ദേവാലയം(1) വിശുദ്ധ രാജ്യങ്ങൾ തൻ
വാതിലിൻ പുറത്തേറെ മാറിയാണിക്കാലവും

ഇവിടെ പരിക്ഷീണർക്കിരിക്കാം വിലക്കില്ല (2) ,
നിറവിൽ 'കൊളോസിയ'ഭംഗിയുമറിഞ്ഞീടാം

കേട്ടു, മത്സരങ്ങളിൽ മൃഗങ്ങൾ , പോരാളികൾ
കോർത്തുകോർത്തൊടുങ്ങിയ വേദിയീ   'കൊളോസിയം'

രൂപമാർന്നാടും  വീര, രൗദ്ര ഭാവങ്ങൾ മുദാ-
ദേവികണ്ടിരിക്കുന്ന മട്ടിലീ  ചമൽക്കാരം

മറ്റൊരു നടകൂടിയുണ്ടതീ  നഗരത്തെ
കുറ്റമറ്റു പാലിയ്ക്കും  ദേവി 'റോമ'യ്ക്കായത്രെ(3)

'റോമാ' യീ സംസ്കാരത്തെ  കാത്തുസംരക്ഷിച്ചവൾ
'വീനസോ' സൗന്ദര്യവും സ്നേഹവും പകർന്നവൾ

('ലാറ്റിനി'ൽ സ്നേഹത്തിന്റെ നാമമാം 'അമോറി'നെ
'റോമ'യെന്നറിയുന്ന  കൗശലക്കളിമ്പവും)

പേരിയന്നൊരാ പ്രൗഢ സാമ്രാജ്യ സൗധങ്ങളി-
ലേറെനാൾ പുകൾപെറ്റു നിന്നതാണീ മന്ദിരം

                ചിപ്പിയിലൊതുങ്ങിടാ വെളിച്ചം കടലിന്റെ -
                തൊട്ടിലാട്ടങ്ങൾ വിട്ടിട്ടുയരും കണക്കിനെ

                പാൽക്കടൽ കടഞ്ഞൊരു ദേവതയുയർന്നപോൽ,
                'വീനസെ'ത്തവേ നിത്യ വസന്തം വിടർന്നു പോൽ!(4 )

                ശക്തി മൂർത്തികൾക്കൊപ്പം പ്രേമമന്ത്രങ്ങൾ നിറ-
                ഞ്ഞത്രമേൽ സൃഷ്ടി സ്‌ഥിതി ലയപൂർണ്ണമായ് ഭുവി

                അമ്മയായ്  സ്നേഹാർദ്രയായ് വശ്യമാം സൗന്ദര്യമായ്
                പെണ്മവാണ കാലമാ ദേശമെന്തുയർന്നുപോയ് !

കാലചക്രം മാറവേ , കണ്ണേറുപെട്ടോ കാറ്റി-
ലേതു  ദുർമോഹം തീയിട്ടൊടുക്കീ സർവസ്വവും

രാജാവു താനോ,മെത്തും പുത്തനാശയങ്ങളോ  -
നാടെരിച്ചതാരെന്ന തർക്കമുണ്ടിന്നോളവും (5 ).!

ചുട്ടു പോയതിൻ  ശുദ്ധി തെളിയിക്കുവാനോങ്ങും
ചുട്ട ന്യായങ്ങൾക്കുണ്ടോ കാലവും പഴക്കവും?

കാത്തിരുന്നപോൽ കഥക്കൂട്ടുകൾ ചായം പകർ- 
ന്നാർത്തലച്ചൊഴുകവേയൊഴിഞ്ഞൂ  ദേവാലയം

ഭൂമി, തൻ നെഞ്ചം പിളർന്നേറ്റെടുത്ത നാളൊന്നിൽ   ,
കേമമാമിക്കോവിലിൻ പാതിയുമുടഞ്ഞുപോയ്

തൊട്ടു പിന്നിലായ് പെട്ടെന്നുയർന്നൂ  പള്ളിയ്‌ക്കൊരു
കെട്ടിടം പ്രാത്ഥിയ്ക്കുവാൻ, 'റോമ'യെ പാലിയ്ക്കുവാൻ (6 ).

വീനസിൻ ചുറ്റമ്പലം  വീണപോൽ കിടന്നേറെ
നാളുകൾ, വിലപിടിപ്പുള്ളതോരോന്നായ്  മാഞ്ഞു

പള്ളിമേടകൾക്കലങ്കാരമാകുവാൻ കൊള്ളാ-
തുള്ള കല്ലുകൾ മാത്രം ബാക്കിയിന്നിവിടത്തിൽ

ദുഃഖവെള്ളികൂടുവാനാണ്ടിലൊന്നെത്താറുണ്ട്
മക്കളീ മുറ്റത്തിന്നും വറ്റുമോ വാത്സല്യത്തേൻ (7 ) ?

സ്നേഹനായകൻ നാഥനൊറ്റിവീണ സങ്കടം ,
ഏതൊരു തിരുമുന്പിലുണർത്താനിതല്ലാതെ!

എങ്ങുപോയ്മറഞ്ഞാലും  തായ്മടിത്തട്ടും തേടി
യിങ്ങു വീണിടും പൂക്കൾ , വേരുകൾ ചുംബിച്ചിടും


                സ്നേഹവും സൗന്ദര്യവും മങ്ങിമിന്നുമിക്കോണിൽ  ,
                മോഹഭംഗത്തിൻ പഴഞ്ചുമരിൽ, തൊടുന്നേരം

                ഇടറി പിടഞ്ഞമ്മമാറിലേയ്ക്കൊരു സീത-
                യടർന്ന കൊട്ടാരത്തിൻ  ശൂന്യത നിറയുന്നു.

                കാടകം വളർത്തിയ പുത്രരെ  , പുണ്യങ്ങളെ, 
                രാമരാജ്യത്തിന്നേകി മറഞ്ഞോൾ നിറയുന്നു

                ദേവി, നിൻ മിഴിപ്പൂവും  ചൂഴ്ന്നെടുത്തു പോകിലും
                ജീവനുണ്ടറിയുന്നീ  തൂണിലും മണ്തിട്ടിലും

                കാട്ടുനീതിയെ വെല്ലും നീതികൾ നിർമ്മിയ്ക്കുവാൻ
                നാട്ടുനായകർക്കായോ? ചോദ്യമിങ്ങലയുന്നു

               
മടങ്ങി പോരാൻ മടിച്ചവിടെ കളിക്കുന്ന
കുട്ടികൾ ചിരിക്കവേ  വീനസും   ചിരിച്ചുവോ?

തെല്ലുമേ  കളങ്കങ്ങളില്ലാത്ത ബാല്യങ്ങളീ
കല്ലിലും പുൽത്തുമ്പിലുമുണ്മ  കണ്ടറിയുന്നു

"കാട്ടിൽ, ആഫ്രിക്കൻ ഹൃദയങ്ങളിൽ  പണ്ടെപ്പോഴോ
കൂട്ടുകാരായുള്ളൊരു പൂർവികർ നമുക്കുണ്ടാം (8 ).

സ്നേഹവും സൗന്ദര്യവും സൂര്യനും താരങ്ങളും
മോഹനപ്രകൃതിയും  ദൈവമെന്നറിഞ്ഞവർ   !

അതിനാലാവാമാദിദേവരൂപങ്ങൾ പല
കാലദേശങ്ങൾ കടന്നൊന്നു പോൽ വിളങ്ങുന്നു."

മതമില്ലതിർത്തികളൊന്നുമേയില്ലാത്തൊരാ-
മനസ്സിൽ തുടങ്ങണം ചരിത്രം പഠിയ്ക്കുവാൻ.

------------------------

1. ഒരു യാത്രയിൽ,  വത്തിക്കാനിലെ പ്രൗഢമായ പള്ളികളും മ്യൂസിയവും ഇറ്റലിയിൽ കുറച്ചു മാറിയുള്ള റോമാ സാമ്രാജ്യ അവശിഷ്ടങ്ങളും സന്ദർശിക്കാൻ സാധിച്ചു. മനസ്സിൽ ഏറെ പതിഞ്ഞതു  വീനസിന്റെ ക്ഷേത്രവും (The temple of Venus) ചരിത്രവും ആണ് . അതിലൂടെയാണീ കവിതയുടെ വഴി.

2. പ്രശസ്തമായ ഒരു പള്ളിയിൽ നടന്നു  ക്ഷീണിച്ചതു കാരണം നിലത്തിരുന്ന കുട്ടിയോട് അകത്തു വിശ്രമിക്കാൻ പറ്റില്ല എന്ന് കാവൽക്കാർ പറഞ്ഞതോർക്കുന്നു .

3. റോമാ നഗരം ദർശിച്ചുകൊണ്ടു റോമാദേവിയും , തിരിഞ്ഞു കൊളോസിയം ദർശിച്ചു കൊണ്ട് സ്നേഹരൂപിണിയായ വീനസും ഇരിക്കുന്ന ഇരട്ട നടകളുള്ള അതിപുരാതനമായ ദേവാലയമായിരുന്നു ഒരിക്കൽ ഇത്. പുരാതന റോമാ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ക്ഷേത്രവും. ROMA എന്നത് തിരികെ വായിക്കുമ്പോൾ  AMOR: ലാറ്റിൻ ഭാഷയിൽ സ്നേഹം എന്നർത്ഥം.

4 . ബർത്ത് ഓഫ് വീനസ് . സാൻഡ്രോ ബോട്ടിചെല്ലിയുടെ വിഖ്യാത ചിത്രം ..
 5 . റോമാനഗരത്തെ വിഴുങ്ങിയ അഗ്നി. ഇതു സ്വാഭാവികമായിരുന്നോ അതോ ഇതിനു പിന്നിൽ നീറോ ചക്രവർത്തി തന്നെ ആണോ അതോ അന്നത്തെ നവോത്ഥാന , ക്രിസ്തുമത പ്രചാരകർ ആണോ എന്ന തർക്കം ഇപ്പോഴും  നിലനിൽക്കുന്നു. 

6. പിന്നീട് ഭൂകമ്പത്തിൽ വീണ്ടും ക്ഷേത്രം തകർന്നു. റോമയുടെ നടചേർത്തു ഒരു പള്ളി നിർമ്മിക്കുകയുണ്ടായി. വീനസ് ക്ഷത്രത്തിലെ അവശേഷിച്ചവസ്തുക്കൾ, മുഖപ്പിലെ ചെമ്പു തകിടുകൾ ഉൾപ്പടെ ഇളക്കിയെടുത്തു , അക്കാലത്തു നിർമിക്കപ്പെട്ട പ്രധാനപള്ളികളുടെ  അലങ്കാരങ്ങൾക്കായി കൊണ്ടുപോയി. ഏറെ വൈകിയെങ്കിലും , ചരിത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞു ഇപ്പോൾ അവശിഷ്ടങ്ങൾ  സംരക്ഷിച്ചു വരുന്നു.

7 . ഇന്ന്  വിജനമായ ഈ മുറ്റം ദുഃഖവെള്ളി പ്രാർത്ഥനയ്ക്കായി പോപ്പിന്റെയോ പ്രതിനിധികളുടെയോ നേതൃത്വത്തിൽ ഉപയോഗിച്ചു പോരുന്നു..

8  . ദേശങ്ങൾക്കതീതമായ പുരാതന  ദൈവങ്ങളുടെ സമാനതയിൽ വിസ്മയം കൊണ്ടപ്പോൾ ചരിത്രപാഠം  ഓർമ്മിപ്പിച്ചു, മകൻ തന്ന ഉത്തരം.
-----------------------------------

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...