Friday, December 22, 2017

തൊണ്ടു ചീയുമ്പോൾ

പാരീസിൽ നിന്നും കുറച്ചു ദൂരേയ്ക്ക് വീടുമാറി. ഇവിടെയും ഒട്ടുമിക്ക 'ഹോം ഡെക്കോ' കടകളിലും ചകിരിമെത്ത 'മെയ്ഡ് ഇൻ ഇന്ത്യ' തന്നെ.  പ്ലാസ്റ്റിക് നാരുകൾ ഒഴിവാക്കി പ്രകൃതി ദത്ത നാരുകളിലേയ്ക്ക് ലോകം ചുവടു മാറുമ്പോൾ  ഈ മേഖലയിൽ ഇനിയും സാദ്ധ്യതകൾ തുറക്കാനേ  വഴിയുള്ളു  ( ബിസിനസ് തുടങ്ങിയാലോന്നാ ആലോചന ). 

എന്നാലും ചില സംശയങ്ങൾ ഉണ്ട്. നാളീകേര ഉൽപ്പന്നങ്ങളിൽ മറ്റെല്ലാം  തന്നെ ഫിലിപ്പീൻസിന്നും ശ്രീലങ്കയിൽ നിന്നും ബ്രസിലീന്നും ഒക്കെയാണ് ഫ്രാൻ‌സിൽ വരുന്നത് ,ചകിരിമെത്ത മാത്രം ഇന്ത്യയിലേതാണ് . മറ്റു രാജ്യങ്ങൾക്ക് ഇതിൽ വലിയ   താൽപ്പര്യം ഇല്ലേ അതോ അവിടെ തൊണ്ടധികം ഇല്ലേ ? നമുക്കിനി   തൊണ്ടൻ തേങ്ങയാണോ കൂടുതൽ? അതോ അകത്തുള്ളതൊക്കെ തീർത്തിട്ട് തൊണ്ടുമാത്രേ നമ്മൾ മിച്ചം വയ്ക്കുന്നുള്ളു എന്നാണോ?. എന്തെങ്കിലുമാകട്ടെ ചകിരിയെങ്കിൽ ചകിരി.

നിവേദനം: പ്ലാസ്റ്റിക്  വിരുദ്ധത കാരണം പ്ലാസ്റ്റിക് ക്രിസ്തുമസ്  ട്രീയും  വന നശീകരണം ആരോപിച്ചു ഒറിജിനൽ ക്രിസ്തുമസ്  ട്രീയും വീട്ടിൽ അനുവദിക്കുന്നില്ല ഒരു മകൻ. പരിസ്ഥിതി എന്തായാലും ക്രിസ്തുമസ്  ട്രീ കൂടിയേ തീരൂ എന്ന് ഇളയ ആളിന് വാശി . കയർ ബോർഡ്  മനസ്സുവച്ചു  അടുത്ത ക്രിസ്തുമസിനെങ്കിലും ഒരു 'നാച്ചുറൽ ഫൈബർ ക്രിസ്തുമസ്  ട്രീ' വിപണിയിൽ ഇറക്കിയാൽ  ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായേനെ. 

എല്ലാവർക്കും  ക്രിസ്തുമസ് ആശംസകൾ.
പുതിയ കവിത കയർ തൊഴിലാളികൾക്ക് സമർപ്പിക്കുന്നു.

തൊണ്ടു ചീയുമ്പോൾ
---------------------------

തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കാതെ  മാറിനീങ്ങുന്നൂ  ലോകം

കല്പവൃക്ഷത്തിൻ മധുരോദാരമുൾക്കാമ്പിനെ,
യത്രതുഷ്ടിയാലൂറി കുടിച്ചും തിന്നും , പിന്നെ
വർദ്ധിത വീര്യത്തൊടാ  തൊണ്ടെറിഞ്ഞകലുമ്പോൾ
വർത്തമാനത്തിൻ പിന്നിൽ ചിത്രമൊന്നുണരുന്നു

ഇന്നലെയോളം സർവ്വ ദാഹമോഹങ്ങൾ തീർക്കും
പുണ്യതീർത്ഥവും പേറി നിറവിൽ  കഴിഞ്ഞവർ  
ന്നു താഴെയീ ചെളിക്കുണ്ടിലെത്തീടുമ്പോഴു -
മൊന്നു തൊട്ടേ പോകുന്നുണ്ടായപോലിളം  തെന്നൽ .

തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കാതെ മാറിനിന്നോട്ടേ ലോകം
പാറപോലുറപ്പുള്ളോരിടനെഞ്ചിൻ കൂടുകൾ
ഭാരമേതുമില്ലാതെയൊഴുകട്ടോളങ്ങളിൽ

അഴുകിത്തുടങ്ങുന്നൂ തൊണ്ടുകൾ പുറംചട്ട
യിടറിയിളകുന്നൂ വേവുകൾ, തല്ലിത്തല്ലി
മൃദുവാക്കുന്നൂ മണ്ണിൻ മണമോലും കയ്യുകൾ
പൊതിവിട്ടുതിരുന്നൂ  ചകിരിച്ചോറിൻ ചിന്ത

തീരസ്വപ്നങ്ങൾ തോറും മാലപോലൊരു ചെറു
നാരിണ  വളർന്നൊരു പന്തലായ് പടരുന്നു
കയറിദ്ദേശത്തിന്റെ മുഖമുദ്രയായ് ഊഞ്ഞാൽ
കയറിപ്പറക്കവേയോണമെത്തീടുന്നെങ്ങും

ഒരു ചാൺ മതിയത്രേ  മതിയാക്കുവാനെല്ലാം ,
ഒന്നു ചേർന്നാലോ മഹാമേരുവുമുലഞ്ഞീടും
ബന്ധബന്ധനങ്ങളിൽ തൊട്ടു നിൽപ്പാണീ നിത്യ
ബന്ധുര സ്നേഹത്തിന്റെ നാരുകളെല്ലായ്പോഴും

വഴിയേറെയും കടന്നിന്നു വീട്ടിലെത്തവേ
പദധൂളികൾ തന്റെ നെഞ്ചിലേക്കൊതുക്കുന്ന
കുഞ്ഞുമെത്തയായ് മഞ്ഞും  മഴയും കൊണ്ടങ്ങനെ
കൂസലില്ലാതെൻ കൂട്ടായ് കൂടെയുണ്ടീ മുറ്റത്തും  

പട്ടിന്റെ മൃദുത്വമില്ലൊട്ടുമാർദ്രതയില്ല
തൊട്ടു നോക്കിയാൽ വിരൽത്തുമ്പു   ചൂഴ്ന്നെക്കാമെന്നാൽ
കുത്തിനോവിക്കാറില്ല നോവുകൾ തട്ടിക്കുടഞ്ഞെ -
പ്പൊഴും ചിരിക്കുമീ  കൈരളിപ്പൊൻനൂലിഴ .

തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കുവോർ    ജയിക്കുന്നുലകത്തിൽ    .
-------------------------------------------------------------------------------------

Wednesday, October 18, 2017

വീനസിൻ ദേവാലയം

ടെംപിൾ ഓഫ് വീനസ് 


വീനസിൻ ദേവാലയം(1) വിശുദ്ധ രാജ്യങ്ങൾ തൻ
വാതിലിൻ പുറത്തേറെ മാറിയാണിക്കാലവും

ഇവിടെ പരിക്ഷീണർക്കിരിക്കാം വിലക്കില്ല (2) ,
നിറവിൽ 'കൊളോസിയ'ഭംഗിയുമറിഞ്ഞീടാം

കേട്ടു, മത്സരങ്ങളിൽ മൃഗങ്ങൾ , പോരാളികൾ
കോർത്തുകോർത്തൊടുങ്ങിയ വേദിയീ   'കൊളോസിയം'

രൂപമാർന്നാടും  വീര, രൗദ്ര ഭാവങ്ങൾ മുദാ-
ദേവികണ്ടിരിക്കുന്ന മട്ടിലീ  ചമൽക്കാരം

മറ്റൊരു നടകൂടിയുണ്ടതീ  നഗരത്തെ
കുറ്റമറ്റു പാലിയ്ക്കും  ദേവി 'റോമ'യ്ക്കായത്രെ(3)

'റോമാ' യീ സംസ്കാരത്തെ  കാത്തുസംരക്ഷിച്ചവൾ
'വീനസോ' സൗന്ദര്യവും സ്നേഹവും പകർന്നവൾ

('ലാറ്റിനി'ൽ സ്നേഹത്തിന്റെ നാമമാം 'അമോറി'നെ
'റോമ'യെന്നറിയുന്ന  കൗശലക്കളിമ്പവും)

പേരിയന്നൊരാ പ്രൗഢ സാമ്രാജ്യ സൗധങ്ങളി-
ലേറെനാൾ പുകൾപെറ്റു നിന്നതാണീ മന്ദിരം

                ചിപ്പിയിലൊതുങ്ങിടാ വെളിച്ചം കടലിന്റെ -
                തൊട്ടിലാട്ടങ്ങൾ വിട്ടിട്ടുയരും കണക്കിനെ

                പാൽക്കടൽ കടഞ്ഞൊരു ദേവതയുയർന്നപോൽ,
                'വീനസെ'ത്തവേ നിത്യ വസന്തം വിടർന്നു പോൽ!(4 )

                ശക്തി മൂർത്തികൾക്കൊപ്പം പ്രേമമന്ത്രങ്ങൾ നിറ-
                ഞ്ഞത്രമേൽ സൃഷ്ടി സ്‌ഥിതി ലയപൂർണ്ണമായ് ഭുവി

                അമ്മയായ്  സ്നേഹാർദ്രയായ് വശ്യമാം സൗന്ദര്യമായ്
                പെണ്മവാണ കാലമാ ദേശമെന്തുയർന്നുപോയ് !

കാലചക്രം മാറവേ , കണ്ണേറുപെട്ടോ കാറ്റി-
ലേതു  ദുർമോഹം തീയിട്ടൊടുക്കീ സർവസ്വവും

രാജാവു താനോ,മെത്തും പുത്തനാശയങ്ങളോ  -
നാടെരിച്ചതാരെന്ന തർക്കമുണ്ടിന്നോളവും (5 ).!

ചുട്ടു പോയതിൻ  ശുദ്ധി തെളിയിക്കുവാനോങ്ങും
ചുട്ട ന്യായങ്ങൾക്കുണ്ടോ കാലവും പഴക്കവും?

കാത്തിരുന്നപോൽ കഥക്കൂട്ടുകൾ ചായം പകർ- 
ന്നാർത്തലച്ചൊഴുകവേയൊഴിഞ്ഞൂ  ദേവാലയം

ഭൂമി, തൻ നെഞ്ചം പിളർന്നേറ്റെടുത്ത നാളൊന്നിൽ   ,
കേമമാമിക്കോവിലിൻ പാതിയുമുടഞ്ഞുപോയ്

തൊട്ടു പിന്നിലായ് പെട്ടെന്നുയർന്നൂ  പള്ളിയ്‌ക്കൊരു
കെട്ടിടം പ്രാത്ഥിയ്ക്കുവാൻ, 'റോമ'യെ പാലിയ്ക്കുവാൻ (6 ).

വീനസിൻ ചുറ്റമ്പലം  വീണപോൽ കിടന്നേറെ
നാളുകൾ, വിലപിടിപ്പുള്ളതോരോന്നായ്  മാഞ്ഞു

പള്ളിമേടകൾക്കലങ്കാരമാകുവാൻ കൊള്ളാ-
തുള്ള കല്ലുകൾ മാത്രം ബാക്കിയിന്നിവിടത്തിൽ

ദുഃഖവെള്ളികൂടുവാനാണ്ടിലൊന്നെത്താറുണ്ട്
മക്കളീ മുറ്റത്തിന്നും വറ്റുമോ വാത്സല്യത്തേൻ (7 ) ?

സ്നേഹനായകൻ നാഥനൊറ്റിവീണ സങ്കടം ,
ഏതൊരു തിരുമുന്പിലുണർത്താനിതല്ലാതെ!

എങ്ങുപോയ്മറഞ്ഞാലും  തായ്മടിത്തട്ടും തേടി
യിങ്ങു വീണിടും പൂക്കൾ , വേരുകൾ ചുംബിച്ചിടും


                സ്നേഹവും സൗന്ദര്യവും മങ്ങിമിന്നുമിക്കോണിൽ  ,
                മോഹഭംഗത്തിൻ പഴഞ്ചുമരിൽ, തൊടുന്നേരം

                ഇടറി പിടഞ്ഞമ്മമാറിലേയ്ക്കൊരു സീത-
                യടർന്ന കൊട്ടാരത്തിൻ  ശൂന്യത നിറയുന്നു.

                കാടകം വളർത്തിയ പുത്രരെ  , പുണ്യങ്ങളെ, 
                രാമരാജ്യത്തിന്നേകി മറഞ്ഞോൾ നിറയുന്നു

                ദേവി, നിൻ മിഴിപ്പൂവും  ചൂഴ്ന്നെടുത്തു പോകിലും
                ജീവനുണ്ടറിയുന്നീ  തൂണിലും മണ്തിട്ടിലും

                കാട്ടുനീതിയെ വെല്ലും നീതികൾ നിർമ്മിയ്ക്കുവാൻ
                നാട്ടുനായകർക്കായോ? ചോദ്യമിങ്ങലയുന്നു

               
മടങ്ങി പോരാൻ മടിച്ചവിടെ കളിക്കുന്ന
കുട്ടികൾ ചിരിക്കവേ  വീനസും   ചിരിച്ചുവോ?

തെല്ലുമേ  കളങ്കങ്ങളില്ലാത്ത ബാല്യങ്ങളീ
കല്ലിലും പുൽത്തുമ്പിലുമുണ്മ  കണ്ടറിയുന്നു

"കാട്ടിൽ, ആഫ്രിക്കൻ ഹൃദയങ്ങളിൽ  പണ്ടെപ്പോഴോ
കൂട്ടുകാരായുള്ളൊരു പൂർവികർ നമുക്കുണ്ടാം (8 ).

സ്നേഹവും സൗന്ദര്യവും സൂര്യനും താരങ്ങളും
മോഹനപ്രകൃതിയും  ദൈവമെന്നറിഞ്ഞവർ   !

അതിനാലാവാമാദിദേവരൂപങ്ങൾ പല
കാലദേശങ്ങൾ കടന്നൊന്നു പോൽ വിളങ്ങുന്നു."

മതമില്ലതിർത്തികളൊന്നുമേയില്ലാത്തൊരാ-
മനസ്സിൽ തുടങ്ങണം ചരിത്രം പഠിയ്ക്കുവാൻ.

------------------------

1. ഒരു യാത്രയിൽ,  വത്തിക്കാനിലെ പ്രൗഢമായ പള്ളികളും മ്യൂസിയവും ഇറ്റലിയിൽ കുറച്ചു മാറിയുള്ള റോമാ സാമ്രാജ്യ അവശിഷ്ടങ്ങളും സന്ദർശിക്കാൻ സാധിച്ചു. മനസ്സിൽ ഏറെ പതിഞ്ഞതു  വീനസിന്റെ ക്ഷേത്രവും (The temple of Venus) ചരിത്രവും ആണ് . അതിലൂടെയാണീ കവിതയുടെ വഴി.

2. പ്രശസ്തമായ ഒരു പള്ളിയിൽ നടന്നു  ക്ഷീണിച്ചതു കാരണം നിലത്തിരുന്ന കുട്ടിയോട് അകത്തു വിശ്രമിക്കാൻ പറ്റില്ല എന്ന് കാവൽക്കാർ പറഞ്ഞതോർക്കുന്നു .

3. റോമാ നഗരം ദർശിച്ചുകൊണ്ടു റോമാദേവിയും , തിരിഞ്ഞു കൊളോസിയം ദർശിച്ചു കൊണ്ട് സ്നേഹരൂപിണിയായ വീനസും ഇരിക്കുന്ന ഇരട്ട നടകളുള്ള അതിപുരാതനമായ ദേവാലയമായിരുന്നു ഒരിക്കൽ ഇത്. പുരാതന റോമാ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ക്ഷേത്രവും. ROMA എന്നത് തിരികെ വായിക്കുമ്പോൾ  AMOR: ലാറ്റിൻ ഭാഷയിൽ സ്നേഹം എന്നർത്ഥം.

4 . ബർത്ത് ഓഫ് വീനസ് . സാൻഡ്രോ ബോട്ടിചെല്ലിയുടെ വിഖ്യാത ചിത്രം ..
 5 . റോമാനഗരത്തെ വിഴുങ്ങിയ അഗ്നി. ഇതു സ്വാഭാവികമായിരുന്നോ അതോ ഇതിനു പിന്നിൽ നീറോ ചക്രവർത്തി തന്നെ ആണോ അതോ അന്നത്തെ നവോത്ഥാന , ക്രിസ്തുമത പ്രചാരകർ ആണോ എന്ന തർക്കം ഇപ്പോഴും  നിലനിൽക്കുന്നു. 

6. പിന്നീട് ഭൂകമ്പത്തിൽ വീണ്ടും ക്ഷേത്രം തകർന്നു. റോമയുടെ നടചേർത്തു ഒരു പള്ളി നിർമ്മിക്കുകയുണ്ടായി. വീനസ് ക്ഷത്രത്തിലെ അവശേഷിച്ചവസ്തുക്കൾ, മുഖപ്പിലെ ചെമ്പു തകിടുകൾ ഉൾപ്പടെ ഇളക്കിയെടുത്തു , അക്കാലത്തു നിർമിക്കപ്പെട്ട പ്രധാനപള്ളികളുടെ  അലങ്കാരങ്ങൾക്കായി കൊണ്ടുപോയി. ഏറെ വൈകിയെങ്കിലും , ചരിത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞു ഇപ്പോൾ അവശിഷ്ടങ്ങൾ  സംരക്ഷിച്ചു വരുന്നു.

7 . ഇന്ന്  വിജനമായ ഈ മുറ്റം ദുഃഖവെള്ളി പ്രാർത്ഥനയ്ക്കായി പോപ്പിന്റെയോ പ്രതിനിധികളുടെയോ നേതൃത്വത്തിൽ ഉപയോഗിച്ചു പോരുന്നു..

8  . ദേശങ്ങൾക്കതീതമായ പുരാതന  ദൈവങ്ങളുടെ സമാനതയിൽ വിസ്മയം കൊണ്ടപ്പോൾ ചരിത്രപാഠം  ഓർമ്മിപ്പിച്ചു, മകൻ തന്ന ഉത്തരം.
-----------------------------------

Monday, January 30, 2017

മുപ്പത് , ജനുവരി.

മഹാത്‌മാവിന്റെ ജീവിതം
മാനവർക്കാകെ മാതൃക 
മുപ്പത്തിന് ചോപ്പു പൂക്കളെൻ   
മാതൃഭൂവിന്റെ ദുഃഖവും 

മാറ്റമില്ലാത്ത ശാപമോ 
മാതൃദേവീ വിലാപമോ 
മാറ്റൊലിക്കൊൾവു  ചുറ്റിലും 
മാഞ്ഞുപോകാതെ നിത്യവും 

മാലകറ്റും വിശുദ്ധമാം  
മന്ത്രണം സ്നേഹമൊന്നുതാൻ 
മൗനമർപ്പിച്ചു കൈതൊഴാം 
മഹാത്മാവേ  പൊറുക്കുക



   

Monday, January 9, 2017

കനൽ

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിക്കാം
കൂരിരുട്ടിലൊന്നൂതി, മുന്നേറും
ദൂരമെല്ലാം, വെളിച്ചം പരത്താം !

മിഴികളേറെ പറഞ്ഞൊഴിഞ്ഞാലും
ചിരി വരണ്ട മണൽപ്പുറത്തിന്നും 
ഒരു നിലാവിൻ തണുപ്പുണ്ട് പോലും!
മഴ മിഴാവിൻ തുടിത്താളവും കേൾ.

കഥകളെല്ലാം വെയിലെടുത്താലും
പകലിനപ്പുറം പാതിരാവീട്ടിൽ
കിളിമരത്തിന്റെ തോളത്തുറങ്ങും
ചെറിയ മുല്ല പൂക്കാറുണ്ട് നിത്യം !

കാലമൊന്നായ്   നിറം കെടുത്തുമ്പോൾ
കാർമുകിലുമീയാഴിപ്പരപ്പും
പങ്കുവയ്പ്പാണുയിരിന്റെ വിങ്ങൽ
പങ്കുപറ്റി തളിർക്കട്ടെ   ഭൂമി

കുളിരുപെയ്യുന്ന മണ്ണിന്റെയുള്ളിൽ
കുതറിയോടും ചിതൽക്കൂട്ടമൊന്നായ്
വരികളേറി പറക്കുന്ന സ്വപ്‍നം 
വഴിവിളക്കിൽ കൊളുത്തുന്നതാരോ ?

കാടിറങ്ങുന്നുറവകൾ തീണ്ടി
നാടിറങ്ങിപ്പടർന്നു വർണ്ണങ്ങൾ
കൂട്ടിനുള്ളിൽ മടങ്ങാൻ കൊതിക്കും
കാട്ടുപക്ഷിക്കു കാവലാളുണ്ടോ?

കനവു കാറ്റത്തടർന്നു വീണേക്കാം
കനിവു തേടി തളർന്നു പോയേക്കാം
കതിരു  കാണാതറിയാതെ വന്നാൽ
കരുതി വച്ച കനൽത്തുമ്പുരുക്കാം

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിയ്ക്കാം
കൂരിരുട്ടിലൊന്നൂതി , മുന്നേറും
ദൂരമെല്ലാം വെളിച്ചം പരത്താം 

Sunday, January 1, 2017

പുതുവത്സരാശംസകൾ....

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ!
പ്രാർത്ഥനയോടെ..
**************

മുപ്പത്തിമുക്കോടി ദൈവങ്ങളും കാട്ടു-
മൂപ്പനും ഡിങ്കനും കാത്തുകൊള്ളേണമേ
രണ്ടായിരത്തിപതിന്നാറു പോകവേ
മണ്ടത്തരങ്ങൾക്കറുതിയുണ്ടാവണേ

ഭീകരർക്കൊപ്പമുൽസാഹിച്ചടുക്കുന്ന
'പുട്ടിനും' , 'ട്രംപി'നും സല്ബുദ്ധിയേകണേ
കൊല്ലും കൊലയും കുറച്ചുല്ലസിക്കുവാൻ
എല്ലാ മനസ്സിലും തോന്നലുണ്ടാക്കണേ

രണ്ടായിരത്തിപ്പതിന്നേഴിലേവർക്കും
രണ്ടായിരത്തിന്റെ  ചില്ലറയെത്തണേ
എ.ടി.എം. കാർഡുരയ്ക്കുന്ന ജനങ്ങളിൽ  
'ടാക്സ് 'ഒഴിവാക്കി, കനിവു കാട്ടേണമേ
കള്ളപ്പണം പിടിച്ചാലുമില്ലെങ്കിലും
ഉള്ളപണം പിൻവലിക്കാനുമൊക്കണേ

ക്രിസ്തുമസ് കാലത്തു വന്ന സിനിമകൾ
ഓണമെത്തും മുൻപ്  പെട്ടിപൊട്ടിക്കണേ
കാണുവാനാഗ്രഹമുള്ളവർക്കെമ്പാടും,
'ഓൺലൈനി'ൽ തന്നനുഗ്രഹിച്ചീടണേ

പോസ്റ്റും കഥകളും പാട്ടും സിനിമയും
കോപ്പിയടിച്ചു വളരും മഹാന്മാർക്കു
മോശമാണപ്പണിയെന്നു തോന്നിക്കണേ
മോഹത്തിനൊത്തുള്ള ഭാവന നൽകണേ

വേനലവധിക്കു നാട്ടിലെത്തീടുവാൻ
ന്യായവിലയ്ക്കുള്ള  ടിക്കറ്റ് കിട്ടണേ
'പോക്കെമോൻ' കാർഡിന്നു വേണ്ടിപ്പിണങ്ങാതെ
പോക്കുവെയിലിൽ കളിയ്ക്കണേ  കുട്ടികൾ

ചുറ്റും വികസനം കത്തിക്കരേറവേ 
ചുറ്റിച്ചടുക്കുന്ന രോഗങ്ങൾ മാറ്റണേ
ശുദ്ധമായിത്തിരി വായുവും വെള്ളവും
ബദ്ധപ്പെടാതെ ലഭിക്കുമാറാകണേ

നാക്കിൽ കവിതകൾ കൂടുന്ന  നേരത്തു,
നാട്ടാരെയൊക്കെ വെറുപ്പിച്ചകറ്റാതെ,
നാവടക്കീടുവാനെന്നേം തുണയ്ക്കണേ
നാളെമുതൽ(ക്കി,ന്നു പോട്ടെ) നന്നാവണേ .....



മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...