Wednesday, February 10, 2016

പ്യൂപ്പ

കുടഞ്ഞെറിഞ്ഞിട്ടും പിരിഞ്ഞു  പോകാതെ
കുതിർത്ത   പെയ്തിലൂടൊലിച്ചുമായാതെ
കുടുങ്ങി നില്കയാണിരവിലിന്നുമാ-
കുരുന്നു മുല്ലകൾ പൊഴിച്ച  പൂമണം  !

മുളന്കുഴൽ മനം തികഞ്ഞു പാടവേ
ചിലന്കകൾ കളിച്ചടർന്ന രാമണം
നിലച്ച വീചികൾ തിരഞ്ഞു   പിന്നെയും
നിലാവിറങ്ങവേ പരന്ന പാൽമണം

ഉറച്ച പാറകൾ ചുരത്തിയെത്തിടു-
ന്നുറവകൾക്കകം പൊടിഞ്ഞ സങ്കടം
കടല്ച്ചുവട്ടിലെയ്ക്കൊഴുകവേ പിന്നിൽ
പിടഞ്ഞു വീണൊരു വഴിപ്പൂവിൻ മണം

ചെറു ചിരാതുകൾ നനഞ്ഞണഞ്ഞതും
ചുരുങ്ങി മാഞ്ഞിടും കരിന്തിരി മണം
ചിതറുമക്ഷരം ചിതലരിച്ചതിൽ,   
പതുക്കെയോർമ്മകൾ പുതച്ച മൺ മണം

കനിവിനുപ്പുനീർ തളിച്ച നീറ്റലിൽ
കനലടുപ്പുകൾ  കെടുന്നതിൻമണം
അലഞ്ഞൊടുങ്ങുമീ   ചപല ചിന്തകൾ 
പുലരി തേടിടും പുതുമഴ  മണം .


തനിച്ചു നില്ക്കവേ വരണ്ട കണ്ണുകൾ
കുനിഞ്ഞു മുത്തിയും കുളിർത്തു മീറ-
നൊത്തുലർത്തു പെയ്തിടും കവിത കൊള്ളവേ
കുടന്ന മോഹമോ  നിറച്ചു മൊട്ടുകൾ?
പുതിയ പൂവിനായുദിച്ച പൊട്ടുകൾ!,
ഇതൾ വിരിഞ്ഞ പോലിലഞ്ഞിപ്പൂമണം !

പറന്നുയരുമീ   മണങ്ങളൊക്കെയും
മറന്നു പോയൊരീ  മണങ്ങളൊക്കെയും
ഇതുവരേക്കുമെൻ  ചിമിഴിനുള്ളിലായ്
ചിറകൊതുക്കിയും മനമടക്കിയും
വെയിൽ മരത്തിലേയിലക്കുടക്കീഴിൽ
തണൽപ്പെരുക്കത്തിൽ ചുരുണ്ടുറങ്ങി പോൽ !
ഉണര്ന്നുറങ്ങി പോൽ!
.



6 comments:

  1. ഇഷ്ടം. നല്ല വരികള്‍ക്ക് ആശംസകള്‍.

    ReplyDelete
    Replies
    1. സന്തോഷം അന്നൂസ്. ..കുറച്ചു നാൾ മുൻപ് എഴുതിയതാണ്..അന്നൂസിന്റെ മുല്ലപ്പൂക്കൾ വായിച്ചപ്പോൾ ഓർത്തു പബ്ലിഷ് ചെയ്തു ..നന്ദി.

      Delete
  2. പുറമേ നിന്ന് കാണുമ്പോൾ കാഠിന്യമേറിയതെന്നു തോന്നുന്ന ഉറച്ച പാറകളുടെ അകം പൊടിയുന്ന സങ്കടമാകാം ഓരോ ഉറവയും അല്ലേ! ചില മനുഷ്യരും അങ്ങിനെയാകാം. നല്ല വരികൾ ശ്രീജ.

    ReplyDelete
    Replies
    1. :-) നന്ദി ഗിരിജ.. വായനക്കും വാക്കുകള്ക്കും

      Delete
  3. എന്റെ പ്രിയകവി ഈ തീരം വിട്ടുപോയ നാളിൽത്തന്നെ ഈ നല്ല വരികൾ വായിക്കാനായത് മറക്കാനാവാത്ത ഒരു അനുഭവമായി കുറെ നാൾ നിൽക്കും എന്ന് തോന്നുന്നു

    ReplyDelete
    Replies
    1. അജിത്‌ !
      കവിക്ക്‌ സ്നേഹാഞ്ജലി..കവിതയുടെ സുഗന്ധം ബാക്കിയാവുന്നു...

      Delete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...