Thursday, September 15, 2016

കിളിമരം

ഞാനൊന്നു സ്നേഹിച്ചോട്ടീ വല്ലിയെ വാർമുല്ലയെ..
വേനലിൽ വലം വച്ചെൻ വേരറിഞ്ഞടുത്തോളെ   .....

ചേലുറ്റ് നീളും നിഴൽ നീട്ടിടും  പ്രപഞ്ചത്തെ
തേനിറ്റു വീഴും തളിർച്ചുണ്ടിലെ താരങ്ങളെ  
മഞ്ഞുതുള്ളിയിൽ മുത്തും മഴവിൽ പ്രകാശത്തെ 
പഞ്ഞിപോൽ പൊഴിഞ്ഞുള്ളം ചുട്ടിടും   നട്ടുച്ചയെ  
നേരിന്റെ ചീവീടുകൾ  ചൂഴുമീയിരുട്ടിനെ 
ചാരവേ ചവിട്ടേറ്റി,ട്ടുയരും പുൽത്തുമ്പിനെ

പച്ചിലക്കീഴിൽ തൂങ്ങിയുറങ്ങും ചിത്രങ്ങളെ 
കൊച്ചു പൂവിനെ  പറ്റിച്ചുയരും പൂമ്പാറ്റയെ 
മൊട്ടുകൾ താരാട്ടി വന്നകലും തൈത്തെന്നലെ
പൊട്ടുകൾ പൊഴിഞ്ഞാലും പുണരും മണ്‍ചൂടിനെ
വിണ്ണിൽ നിന്നിറങ്ങിയും   മെയ് തൊടും നിലാവിനെ
കണ്ണുകൾ കുതിർത്തു പെയ്തലയും മേഘങ്ങളെ  
പാടുമാ പുല്ലാങ്കുഴൽ നോവിനെ , നോവിച്ചിടും 
പാണന്റെ പ്രാരാബ്ധത്തെ  , പാട്ടിനെ സ്നേഹിച്ചോട്ടെ

ഞാനൊന്നു സ്നേഹിച്ചോട്ടീ വല്ലിയെ വാർമുല്ലയെ....
വേനലിൽ വലം വച്ചെൻ വേരറിഞ്ഞടുത്തോളെ   ....
  
ചുറ്റി വീണുയർന്നിവൾ  കെട്ടുകൾ മുറുക്കവേ   
ഞെട്ടി, നോവേറുന്ന പോലെങ്കിലും കളഞ്ഞിടാ  .. 
കുഞ്ഞു വള്ളികൾ തുള്ളിത്തൂങ്ങിയങ്ങുയരവെ  
നെഞ്ഞിലെയഴൽ പിരിഞ്ഞെങ്ങുപോയ് ! 'ഞാനെ'ങ്ങു പോയ്!
നഷ്ടമായേക്കാമേവം  രൂപവും , രൂപത്തിലും         
ഇഷ്ടമീ പടർപ്പുകൾ  തൊട്ടു തൊട്ടറിഞ്ഞിടാൻ

പുലരും താലത്തിലെ  പുഞ്ചിരിത്തലപ്പുകൾ 
പോരുമീ പകര്ച്ചയിൽ  പൂ.. പൊലി  പൂവേ ..പൊലി !

---------

Monday, August 8, 2016

നിഷാദം

ആ വിലാപമൊടുങ്ങീലൊരിക്കലും  !
ആദി കാവ്യമാണിപ്പൊഴും  ചുറ്റിലും !

'മാ നിഷാദ' തകർത്തു പെയ്യുമ്പോഴും
മാധവശ്രീ  മറയും പ്രകൃതിയിൽ
മുത്തണിഞ്ഞു വിടരും  പ്രഭാതമേ,
സത്യമോ നിന്നിരവിന്നഗാധത!
ചായുറങ്ങുന്ന പൂമൊട്ടുണർത്തുവാൻ 
ചാമരം വീശിയെത്തിടും  തെന്നലേ,
നീയറിയാതെ നിൻ പ്രണയങ്ങളിൽ
നീളെയാരു തൊടുക്കുന്നശാന്തികൾ?

കാറ്ററിഞ്ഞില്ല , കാലത്തിനിപ്പുറം  ,
കാട്ടുതീ കവർന്നേറുന്ന നന്മകൾ    
ഇ,ക്കിളിക്കൂടിരിക്കുന്ന ചില്ല തൻ
പച്ചിലകൾ  വരണ്ടു വാടുന്ന പോൽ
ആറ്റുനോറ്റ കിനാവുകൾക്കുള്ളിലേ
നീറ്റലൂതിപ്പടർന്നു പോയ്‌   പാട്ടുകൾ
മുന്നിലോ  കനൽ നർത്തനം , നട്ടുവൻ
തൻ നിഴൽത്തണൽ തേടും കടും തുടി
പേടിയായ്‌കെന്ന്  ചൊല്ലവേ,  വാക്കിനെ
ചൂടി നിൽക്കും നിലാവു പൊള്ളുന്നുവോ  !

'മാ നിഷാദ ' തകർത്തു പെയ്താകിലും 
ആ വിലാപമൊടുങ്ങീലൊരിക്കലും  !

ഹേ കവേ , തവ നാദ കല്ലോലിനി-
ക്കാവുമോ, നവജീവനമേകുവാൻ ?

Wednesday, February 10, 2016

പ്യൂപ്പ

കുടഞ്ഞെറിഞ്ഞിട്ടും പിരിഞ്ഞു  പോകാതെ
കുതിർത്ത   പെയ്തിലൂടൊലിച്ചുമായാതെ
കുടുങ്ങി നില്കയാണിരവിലിന്നുമാ-
കുരുന്നു മുല്ലകൾ പൊഴിച്ച  പൂമണം  !

മുളന്കുഴൽ മനം തികഞ്ഞു പാടവേ
ചിലന്കകൾ കളിച്ചടർന്ന രാമണം
നിലച്ച വീചികൾ തിരഞ്ഞു   പിന്നെയും
നിലാവിറങ്ങവേ പരന്ന പാൽമണം

ഉറച്ച പാറകൾ ചുരത്തിയെത്തിടു-
ന്നുറവകൾക്കകം പൊടിഞ്ഞ സങ്കടം
കടല്ച്ചുവട്ടിലെയ്ക്കൊഴുകവേ പിന്നിൽ
പിടഞ്ഞു വീണൊരു വഴിപ്പൂവിൻ മണം

ചെറു ചിരാതുകൾ നനഞ്ഞണഞ്ഞതും
ചുരുങ്ങി മാഞ്ഞിടും കരിന്തിരി മണം
ചിതറുമക്ഷരം ചിതലരിച്ചതിൽ,   
പതുക്കെയോർമ്മകൾ പുതച്ച മൺ മണം

കനിവിനുപ്പുനീർ തളിച്ച നീറ്റലിൽ
കനലടുപ്പുകൾ  കെടുന്നതിൻമണം
അലഞ്ഞൊടുങ്ങുമീ   ചപല ചിന്തകൾ 
പുലരി തേടിടും പുതുമഴ  മണം .


തനിച്ചു നില്ക്കവേ വരണ്ട കണ്ണുകൾ
കുനിഞ്ഞു മുത്തിയും കുളിർത്തു മീറ-
നൊത്തുലർത്തു പെയ്തിടും കവിത കൊള്ളവേ
കുടന്ന മോഹമോ  നിറച്ചു മൊട്ടുകൾ?
പുതിയ പൂവിനായുദിച്ച പൊട്ടുകൾ!,
ഇതൾ വിരിഞ്ഞ പോലിലഞ്ഞിപ്പൂമണം !

പറന്നുയരുമീ   മണങ്ങളൊക്കെയും
മറന്നു പോയൊരീ  മണങ്ങളൊക്കെയും
ഇതുവരേക്കുമെൻ  ചിമിഴിനുള്ളിലായ്
ചിറകൊതുക്കിയും മനമടക്കിയും
വെയിൽ മരത്തിലേയിലക്കുടക്കീഴിൽ
തണൽപ്പെരുക്കത്തിൽ ചുരുണ്ടുറങ്ങി പോൽ !
ഉണര്ന്നുറങ്ങി പോൽ!
.



മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...