Sunday, February 14, 2010

സമയവാഹിനി

ഒഴുകി നീങ്ങുന്നിതെന്നുമെന്നും, മനം
തഴുകി മെല്ലെ ചിരിച്ചും പിണങ്ങിയും
പഴയ രാവിന്‍ തണുപ്പേന്തിയും മുദാ
പുതിയ തീരങ്ങള്‍ തേടിയും പായവേ
പിറകിലോടുന്നു ജന്മാന്തരങ്ങളും
പ്രണവമന്ത്രവും പ്രളയകാലങ്ങളും.
മധുരമാര്‍ന്നെത്തുമീ നിമിഷങ്ങളും
വിധുരമായ്‌ കവര്‍ന്നായുന്നു പ്രേയസി.

ഒരു തുടക്കം കുറിക്കും കണക്കുമാ-
യളവുകോലും പിടിച്ചുവന്നേ ചിലര്‍
പിടിതരാത്ത നിന്‍ ചൊടിയാര്‍ന്നൊഴുക്കിനെ
തടയിടാന്‍ കൊതിയാര്‍ന്നവരെത്ര പേര്‍
ഇതു നിലയ്ക്കാനടുത്തുവെന്നും ചിലര്‍
ഇമകള്‍ പൂട്ടി തപം ചെയ്തു പോയവര്‍
അവരെയൊക്കെയും ചേര്‍ത്തലച്ചങ്ങനെ
കവിത പോലീയൊഴുക്കില്‍ പതുക്കനെ

നിന്നെയൊന്നറിഞ്ഞീടുവാന്‍ വന്നവര്‍
നിന്നിലേ മുങ്ങി വിസ്മയം കണ്ടു പോല്‍
നീ കൊടുത്തൂ മഹാ പുരാണങ്ങളും
നേരു തേടുവാന്‍ വേദ പ്രമാണവും
ചെറു വിരല്‍പ്പാടമര്‍ന്നു കാണുന്നതാം
നറു ശിലാ ലിഖിതങ്ങള്‍, ചരിത്രവും
പ്രണയ ഗാഥകള്‍, പണയ കാണ്ഡങ്ങളും
പുനരുതിര്‍ന്ന മഹായുദ്ധ ശംഖൊലി.
കുരിശിലെന്നും തറഞ്ഞു പോം നന്മകള്‍
പിറവി ഘോഷിച്ചുറങ്ങും പുലരികള്‍

നിന്നിലില്ല പോല്‍ പുണ്യ പാപങ്ങളും
നീയൊരമ്മയെപ്പോലെ സ്നേഹാര്‍ദ്രയായ്‌
തിരുമടിത്തട്ടിലാര്‍ന്നു രാജാക്കളും,
പ്രജകള,ശ്വങ്ങള,ശ്വമേധങ്ങളും
സകല മന്ത്രങ്ങളും ചേര്‍ത്തുരുക്കുമാ
സമരതന്ത്രങ്ങള്‍ , സങ്കടച്ചാലുകള്‍
ഹൃദയ മോതിരം ഭക്ഷിച്ച മീനുകള്‍*
അഭയമേകാതുപേക്ഷിച്ച മാനസം
ഉണ്മയേറുന്നോരാശ്രമ വാടികള്‍
നന്മയാല്‍ കണ്ണുനീരൊപ്പുമമ്മമാര്‍

കുറിയ ചിപ്പുകള്‍ക്കുള്ളിലും കണ്ടവര്‍
കലിയുഗത്തിന്‍റെ കൈയൊപ്പുരേഖകള്‍
അമ്മതന്‍ മടിത്തട്ടില്‍ നിന്നാഞ്ഞു പോ-
യമ്പിളിക്കലയുമ്മ വയ്ക്കുന്നവര്‍
അരിയ തന്‍ വല നെയ്തുനെയ്തങ്ങതില്‍
അറിവു പാറിപ്പറത്തുന്ന വമ്പുകള്‍

ഇടയിലെന്നും തളിര്‍ക്കും മരങ്ങളും
കടപുഴക്കുന്ന കാറ്റിന്‍ തിടുക്കവും
വിശ്വമേ വെളിച്ചം തന്നു നീറുമാ-
കൊച്ചു സൂര്യനും താരാപഥങ്ങളും
അതിനുമപ്പുറത്തെന്തോക്കെയോ നിന്‍റെ-
യുറവകള്‍? കണ്ണിലേറാത്ത കാഴ്ചകള്‍
അവിടെ ദൈവമെന്നോതുന്നു ഞങ്ങളും
അതു രുചിച്ചു നീ കൊഞ്ചി ചിരിച്ചുവോ

ഒന്നു മാത്രം ശ്രവിച്ചു ശ്രദ്ധിച്ചു ഞാന്‍
നിന്നിലൂറുന്നു ജീവന്‍ യുഗങ്ങളായ്‌
അലയൊടുങ്ങി നീരാവിയായ്‌ പോകിലും
തിരികെ വീഴുന്നു ദാഹ മോഹങ്ങളില്‍
ഇതു പുനര്‍ജനി തന്നെയോ, ഞങ്ങളാ
പൊരുളു തേടിത്തളര്‍ന്നവരല്ലയോ

സമയമേ നിന്‍റെയീണങ്ങളില്‍ ലയിച്ചു-
ണരുമെന്നുമെന്നീറന്‍ ചിലമ്പുകള്‍


*ശാകുന്തളം

Wednesday, February 10, 2010

പകലിലേക്ക്

പറയുവാനേറെയുണ്ടെങ്കിലും സഖേ
പകുതി ചൊല്ലി പിരിഞ്ഞു പോകുന്നിതേ
കനവു പാതിയില്‍ വിട്ടുണര്‍ന്നെ,ന്തിനോ
കതിരു വന്നു വിളിക്കുന്നു പിന്നെയും
വെയിലൊതുങ്ങി തിരിച്ചു നിന്‍ കൂട്ടിലേ-
യ്ക്കൊടുവിലെത്തുവാന്‍ യാത്രയാകട്ടെ ഞാന്‍
ഒരു തിരച്ചാര്‍ത്തിലീ വിരഹത്തിനും
കര പുണര്‍ന്നിടാനാമോ കവിതയായ്‌?

Monday, February 8, 2010

ചിലമ്പൊലി

ആരു തൊട്ടാലും വിതുമ്പുന്ന വീണയൊ-
ന്നാ മരച്ചോട്ടില്‍ കിടന്നിരുന്നു
കാറ്റുമ്മ വച്ചു പോയ്‌, കേട്ടതോ പാട്ടിന്‍റെ
നേര്‍ത്തൊരു ശ്രീരാഗമായിരുന്നു

താരകള്‍ താഴേയ്ക്കിറങ്ങി വന്നോ രാഗ-
ഭാവമായ്‌ താലം നിറച്ചു തന്നോ
ആവണിക്കാലം തിരിച്ചു വന്നൂ മര-
മാകെ തളിര്‍ത്തു രസിച്ചു നിന്നൂ
വണ്ടുകള്‍ മൂളിപ്പറന്നു വന്നൂ മലര്‍-
ച്ചെണ്ടുകള്‍ പുഞ്ചിരിയിട്ടുണര്‍ന്നൂ
മേലെയാരോ മഴ ചാറ്റുതിര്‍ത്തായതില്‍
കാലവും താരാട്ടു പെയ്തു നിന്നൂ
നോവാതെ, നോവിലും നോവാതെ വീണ്ടുമാ
വീണയില്‍ ഗാനം തുടിച്ചുയര്‍ന്നു.

കാറ്റേറ്റു വാടൊല്ലേ യേറും മഴച്ചാറ്റി-
ലൂറ്റം തകര്‍ന്നു മണ്ണേറ്റിടൊല്ലെ
നേരേ മിനുക്കിത്തുടച്ചെടുത്തൂ വീട്ടി-
ലാരോ വിളക്കിന്നടുത്തു വച്ചൂ
തന്‍ നൂല്‍ വിളക്കി ചമച്ചെടുത്തേനതില്‍
പൊന്‍ചിലമ്പേ തീര്‍ത്തൊരുക്കി വച്ചു
താളമാണെല്ലാം തിളങ്ങട്ടെ, കൊഞ്ചട്ടെ
മേളമായ് ചുറ്റും നിറഞ്ഞിടട്ടെ

നോവിന്‍റെ തന്ത്രികളില്ലാതെ വീണയില്‍
ജീവന്‍ തുടിച്ചില്ലു,ണര്‍ന്നില്ല പോല്‍
ആരു തൊട്ടാലും വിതുമ്പാ,തനങ്ങാതെ-
യാ മണിക്കൂട്ടില്‍ പൊലിഞ്ഞു പാവം!

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...